ഉറൂബ്

ഉറൂബ്
കടപ്പാട് : ശ്രീധരൻ.ടി.പി, മലയാളം വിക്കിപീഡിയ

    പി
.സി.കുട്ടികൃഷ്ണൻ എന്നറിയപ്പെടുന്ന ഉറൂബ് 1915 ജൂൺ 8ന് മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളപ്രം എന്ന ഗ്രാമത്തിൽ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. കേരളത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും സ്ത്രീപക്ഷവാദിയും കവിയും ഉപന്യാസകാരനും അധ്യാപകനും പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായിരുന്നു. പൊന്നാനി എ.വി.ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇദ്ദേഹം ചെറുപ്പത്തിൽത്തന്നെ കവിയായ ഇടശ്ശേരി ഗോവിന്ദൻനായരുമായി സൗഹൃദത്തിലായി. 10ൽ പഠിക്കുമ്പോഴാണ് ഇദ്ദേഹം കവിത എഴുത്ത് ആരംഭിച്ചത്. ആദ്യമെഴുതിയ കഥയും കവിതയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതോടെ പൊന്നാനിയിലെ സാഹിത്യമണ്ഡലത്തിൽ കവിയായി ഇദ്ദേഹം പേരെടുത്തു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1948-ൽ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. പല ജനപ്രിയ പരിപാടികൾക്ക് ഇദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. പ്രകൃതി സ്നേഹിയും അതിലുപരി ഗാന്ധിയനുമായിരുന്നു ഇദ്ദേഹം. അറബി വാക്കായ "ഉറൂബ്" (യൗവനം നശിക്കാത്തവൻ) എന്ന തൂലികാനാമത്തിലാണ് ഇദ്ദേഹം പ്രശസ്തനായത്. 1952ൽ ആകാശവാണിയിൽ ജോലിനോക്കിയിരുന്ന സമയത്ത് സഹപ്രവർത്തകനും സംഗീതസംവിധായകനുമായ കെ.രാഘവനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുമ്പോഴാണ് ഇദ്ദേഹം ഉറൂബ് എന്ന നാമം ആദ്യമായി ഉപയോഗിക്കുന്നത്. 1976ലാണ് അദ്ദേഹം മനോരമയുടെ പത്രാധിപത്യം ഏറ്റെടുത്തത്. ആ സ്ഥാനത്തിരിക്കേ അദ്ദേഹം 1979 ജൂലൈ 10-ന് കോട്ടയത്തു വച്ച് അന്തരിച്ചു. നീർച്ചാലുകൾ" എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യ കൃതി. ഉമ്മാച്ചു", സുന്ദരികളും സുന്ദരന്മാരും" എന്നീ രണ്ടു കൃതികളാണ് ഉറൂബിന്റെ ശ്രേഷ്ഠ കൃതികളായി കരുതപ്പെടുന്നത്.

     സുന്ദരികളും സുന്ദരൻമാരും എന്ന ഉറുബിന്റെ മലയാള നോവൽ മലയാള സാഹിത്യത്തിലെ മികച്ച നോവലുകളിലൊന്നാണ്. മൂന്നു തലമുറകളുടെ കഥ വിശാലമായ ഒരു പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന നോവലിൽ ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം എന്നിവയെല്ലാം പശ്ചാത്തലമാക്കിയിരിക്കുന്നു. ഉമ്മാച്ചു എന്ന തന്റെ നോവലിലൂടെ ഒരു സ്ത്രീയുടെ മാനസികവ്യാപരങ്ങളെ അഗാധമായ ഉൾക്കാഴ്ചയോടെ ചിത്രീകരിക്കുന്ന നോവലാണ്. മായനെ സ്നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചു എന്ന സ്ത്രീയുടെ കഥയാണ് തന്റെ നോവലിലൂടെ ഉറൂബ് പറഞ്ഞത്.

 

കൃതികൾ

  • നീർച്ചാലുകൾ(1945)

  • തേന്മുള്ളുകൾ(1945)

  • നവോന്മേഷം(1946)

  • കതിർക്കറ്റ(1947)

  • പിറന്നാൾ(1947)

  • ആമിന(1948)

  • ലാത്തിയും പൂക്കളും(1948)

  • തുറന്നിട്ട ജാലകം(1949)

  • നീലമല(1950)

  • കൂമ്പെടുക്കുന്ന മണ്ണ്(1951)

  • ഉള്ളവരും ഇല്ലാത്തവരും(1952)

  • കുഞ്ഞമ്മയും കൂട്ടുകാരും(1952)

  • നീലവെളിച്ചം(1952)

  • ഉമ്മാച്ചു(1954)

  • മൗലവിയും ചങ്ങാതിമാരും(1954)

  • മണ്ണും പെണ്ണും(1954)

  • താമരത്തൊപ്പി(1955)

  • മിണ്ടാപ്പെണ്ണ്(1958)

  • വെളുത്ത കുട്ടി(1958)

  • സുന്ദരികളും സുന്ദരന്മാരും(1958)

  • മിസ് ചിന്നുവും ലേഡി ജാനുവും(1961)

  • ഗോപാലൻ നായരുടെ താടി(1963)

  • മുഖംമൂടികൾ(1966)

  • മല്ലനും മരണവും - രണ്ടാം പതിപ്പ്(1966)

  • ചുഴിക്കു പിൻപേ ചുഴി(1967)

  • അങ്കവീരൻ(1967)

  • അണിയറ(1968)

  • മൂവായിരത്തി മുന്നൂറ്റി മുപ്പത്തിനാലിന്റെ ചരിത്രം(1968)

  • രാച്ചിയമ്മ(1969)

  • കവിസമ്മേളനം(1969)

  • അമ്മിണി(1972)

  • നിലാവിന്റെ രഹസ്യം(1974)

  • കരുവേലക്കുന്ന്

  • ഇടനാഴികൾ(എഴുതി പൂർത്തിയാക്കിയില്ല)

  • റിസർവ് ചെയ്യാത്ത ബർത്ത്(1980)

  • തിരഞ്ഞെടുത്ത കഥകൾ(1982)

  • മഞ്ഞിൻമറയിലെ സൂര്യൻ

  • വസന്തയുടെ അമ്മ

  • ഉറൂബിന്റെ കുട്ടിക്കഥകൾ

  • അപ്പുവിന്റെ ലോകം

  • നിഴലാട്ടം

  • മാമൂലിന്റെ മാറ്റൊലി

  • ഉറൂബിന്റെ ശനിയാഴ്ചകൾ

  • ഉറൂബിന്റെ ലേഖനങ്ങൾ

  • തീ കൊണ്ടു കളിക്കരുത്


തിരക്കഥകൾ

  • നീലക്കുയിൽ(1954)

  • രാരിച്ചൻ എന്ന പൗരൻ(1956)

  • നായര് പിടിച്ച പുലിവാല്(1958)

  • മിണ്ടാപ്പെണ്ണ്(1970)

  • കുരുക്ഷേത്രം(1970)

  • ഉമ്മാച്ചു(1971)

  • അണിയറ(1978)

  • ത്രിസന്ധ്യ(1990)


അവാർഡുകൾ

  • മദ്രാസ് സർക്കാർ പുരസ്കാരം(1948 – കതിർക്കറ്റ)

  • മദ്രാസ് സർക്കാർ പുരസ്ക്കാരം(1949 – തുറന്നിട്ട ജാലകം)

  • മദ്രാസ് സർക്കാർ പുരസ്കാരം(1951 – കൂമ്പെടുക്കുന്ന മണ്ണ്)

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം(1958 – ഉമ്മാച്ചു)

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(1960 – സുന്ദരികളും സുന്ദരന്മാരും)

  • എം.പി.പോൾ പുരസ്കാരം(1960 – ഗോപാലൻ നായരുടെ താടി)

  • മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം(1971 – ഉമ്മാച്ചു)

  • ആശാൻ ശതവാർഷിക പുരസ്കാരം(1973 – സുന്ദരികളും സുന്ദരന്മാരും)

  • കേന്ദ്ര കലാസമിതി അവാർഡ്(തീ കൊണ്ടു കളിക്കരുത്)

     

    കടപ്പാട്
  • മലയാളം വിക്കിപീഡിയ

  • മാതൃഭൂമി

    അഭിപ്രായങ്ങള്‍