ഉണ്ണിക്കൃഷ്ണൻ പുതൂര്‍


1933 ജൂലൈ 20ന് പൊന്നാനി താലൂക്കിലെ എങ്ങണ്ടിയൂര്‍ ഗ്രാമത്തില്‍ പുതൂര്‍ തറവാട്ടില്‍ കല്ലാത്ത് പുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായരുടെയും പതൂര്‍ ജാനകിയമ്മയുടെയും മകനായി ജനിച്ചു. വളര്‍ന്നതും ജീവച്ചതും ഗുരുവായൂരില്‍. ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തന്‍. അറുന്നൂറോളം കഥകള്‍ രചിച്ചിട്ടുണ്ട്. ‘കല്‍പ്പകപ്പൂമഴ' എന്ന കവിതാസമാഹാരത്തിന് അവതാരിക കുറിച്ചത് വൈലോപ്പിള്ളിയായിരുന്നു. ഇദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കഥ ചങ്ങമ്പുഴയുടെ മരണത്തെ പ്രമേയമാക്കിയ 'മായത്ത സ്വപ്നം' എന്ന കൃതിയായിരുന്നു. 1957ല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. തങ്കമണിയമ്മയാണ് ഇദ്ദേഹത്തിന്റെ ജീവിത പങ്കാളി. ഷാജുവും ബിജുവും ഇദ്ദേഹത്തിന്റെ മക്കളാണ്. 2014 ഏപ്രില്‍ 2-ന് അസുഖങ്ങളെത്തുടര്‍ന്ന് ഇദ്ദേഹം നമ്മോട് എന്നന്നേക്കുമായി വിടപറഞ്ഞു.

കംസന്‍, കാഴ്ചകള്‍‍ക്കപ്പുറം, മൃത്യുയാത്ര, ഗുരുവായൂരപ്പന്റെ തുളസിമാല, ബലിക്കല്ല്, ആത്മവിഭൂതി, നാഴികമണി, ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍, അമൃതമഥനം, ആനപ്പക, മനസ്സേ ശാന്തമാകൂ, മറക്കാനും പൊറുക്കാനും, ധര്‍മചക്രം, ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല, ജലസമാധി, ആട്ടുകട്ടില്‍, പാവക്കിനാവ്, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡൈലന്‍ തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ്, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, എന്റെ നൂറ്റൊന്നു കഥകള്‍ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ് 1968ല്‍ ബലിക്കല്ല് എന്ന കൃതിക്ക് ലഭിച്ചു. ജി.സ്മാരക അവാര്‍ഡ് നാഴികമണി എന്ന കൃതിക്ക് ലഭിച്ചു. പത്മപ്രഭാ പുരസ്കാരം 1996ല്‍ എന്റെ നൂറ്റൊന്നു കഥകള്‍ എന്ന കൃതിക്ക് ലഭിച്ചു. ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചു.

അഭിപ്രായങ്ങള്‍